ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയിൽ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. സംഘപരിവാര്‍ യുവജനസംഘടനകളും ഒരു വിഭാഗം മന്ത്രിമാരും അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു നീക്കം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അടക്കമുള്ളവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ നേതൃമാറ്റ അഭ്യൂഹങ്ങള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തള്ളി.
സാധാരണക്കാരനായ മുഖ്യമന്ത്രിയെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബൊമ്മയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് യുവമോര്‍ച്ചയുടെ വിമര്‍ശനം. മന്ത്രിസഭയിലെ പകുതിയിലേറെ പേരും അതൃപ്തിയിലാണ്. അടുപ്പക്കാരല്ലാത്ത മന്ത്രിമാരുടെ ഫയലുകള്‍ ബൊമ്മയ് പരിഗണിക്കുന്നില്ലെന്നാണ് വിമര്‍ശനം. ബില്ലവ വിഭാഗം അടക്കം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. ബൊമ്മയ് കട്ടീല്‍ നേതൃത്വത്തിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഗൗരവത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം കാണുന്നത്.
എട്ട് മാസം മാത്രം തെരഞ്ഞെടുപ്പിന് ബാക്കിനില്‍ക്കേ ബൊമ്മയ്ക്ക് പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ജനറൽ സെക്രട്ടറിമാരായ സി ടി രവി, ബി.എൽ സന്തോഷ്, മന്ത്രിമാരായ അശ്വത് നാരായൺ, പട്ടികവിഭാഗം നേതാവ് കൂടിയായ സുനിൽ കുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ നേതൃമാറ്റ അഭ്യൂഹങ്ങൾ കർണാടക ബിജെപി നേതൃത്വം തള്ളുന്നു.ബൊമ്മയ്യയുടെ നേതൃത്വത്തിൽ തന്നെ കര്‍ണാടകത്തിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുൻമുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.
അതേസമയം തനിക്കെതിരെ വരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തള്ളിയ മുഖ്യമന്ത്രി ബൊമ്മയ് കര്‍ണാടകയിൽ നേതൃമാറ്റമുണ്ടാകില്ലെന്നും അഭ്യൂഹങ്ങൾക്ക് പിന്നിൽ കോണ്‍ഗ്രസാണെന്നും ആരോപിച്ചു. കര്‍ണാടകയിലെ ലിംഗായത്ത് , വൊക്കലിഗ, ബ്രാഹ്മിൻ പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങി വിവിധ വോട്ടുബാങ്കുകളെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് യുവജനസംഘടനകളുടെ അതൃപ്തി പരസ്യമാവുന്നത്. നേതൃമാറ്റത്തിനായി കര്‍ണാടക ബിജെപി ആവശ്യം ശക്തമാവുന്ന സാഹചര്യത്തിൽ അപ്രതീക്ഷിത നീക്കത്തിന് കേന്ദ്രനേതൃത്വം ഒരുങ്ങുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.