തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചാൻസലർമാരോട് (വിസി) രാജിവയ്ക്കണമെന്ന് നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. എന്നാൽ, കോണ്‍ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഗവർണറുടെ നടപടിയെ വിമർശിച്ചു. ഗവർണറുടെ നടപടിയെ പൂർണമായി സ്വാഗതം ചെയ്യരുതെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്.
∙ രമേശ് ചെന്നിത്തല
‘‘ഗവർണറുടെ നടപടിക്ക് പിന്തുണ. ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട. വിസി നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങളാണ്’’.
∙ കെ.സി.വേണുഗോപാൽ
‘‘ഗവർണറുടെ തിട്ടൂരം ജനാധിപത്യ സീമകൾ ലംഘിക്കുന്നതാണ്. ഗവർണറുടെ നടപടി സർവകലാശാല സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണ്’’.
∙ വി.ഡി.സതീശൻ
‘‘സുപ്രീം കോടതി ഉത്തരവോടെ വിസി നിയമനങ്ങൾ അസാധുവായി. കേരളത്തിലെ യുഡിഎഫിന്റെ നിലപാടാണ് താൻ വ്യക്തമാക്കിയത്’’.
ഗവർണറുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിനിടെ, സർവകലാശാലകളുടെ സ്വയംഭരണ അധികാരം തകർക്കുന്ന ഗവർണറുടെ നടപടിക്ക് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണു ഗവർണറുടെ ലക്ഷ്യമെന്നും ഇതു കാണാൻ കഴിയുന്നവർ യുഡിഎഫിൽ പോലുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിനു കൂട്ടുനിൽക്കുമ്പോഴും മുസ്‌ലിം ലീഗ് നേതാക്കൾ വേറിട്ട ശബ്ദത്തിൽ സംസാരിക്കുന്നത് അവർ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.