തിരുവനന്തപുരം ∙ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഇന്‍സെന്‍റീവ് കുടിശ്ശിക 140 കോടി രൂപ. പുതിയ ഉത്തരവ് പ്രകാരം മുന്‍കാല പ്രാബല്യത്തോടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചതോടെ അവശേഷിക്കുന്നത് 98 കോടി രൂപയും. 2021 നവംബര്‍ മുതല്‍ സര്‍ക്കാര്‍ ഇന്‍സെന്‍റീവ് തുക നല്‍കാത്തതോടെ സഹകരണ സംഘങ്ങളും ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഏജന്‍റുമാരും പ്രതിസന്ധിയിലായിമുന്‍കാല പ്രാബല്യത്തോടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചതില്‍ സിഐടിയു ഉള്‍പ്പെടെ സഹകരണ മേഖലയിലുള്ള യൂണിയനുകള്‍ കടുത്ത പ്രതിഷേധത്തിലാണ്. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഏജന്‍സിക്ക് ഇതുവരെ പെന്‍ഷന്‍ ഒന്നിന് 50 രൂപയായിരുന്നു ഇന്‍സെന്‍റീവ്. 40 രൂപ ഏജന്‍സിക്കും 10 രൂപ ഏജന്‍റിനും. 2021 നവംബറിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ തുക നല്‍കിയിട്ടില്ല. കഴക്കൂട്ടം സര്‍വീസ് സഹകരണബാങ്കിന് മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്.
എല്ലാ സഹകരണ സംഘങ്ങള്‍ക്കുമായി നല്‍കാനുള്ള ഇന്‍സെന്‍റീവ് കുടിശിക 140 കോടിയാണ്. പുതിയ ഉത്തരവ് പ്രകാരം ഇന്‍സെന്‍റീവ് 30 രൂപയായി കുറച്ചു. 25 സഹകരണ സംഘത്തിനും 5 ഏജന്‍റിനും. ഇതിന് മുന്‍കാലപ്രാബല്യം നല്‍കിയതോടെ കുടിശിക 98 കോടിയായി കുറഞ്ഞു. ഈ തുക പോലും എന്നു നല്‍കുമെന്ന് ആര്‍ക്കുമറിയില്ല. ചില സഹകരണ സംഘങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നെടുത്ത് കഴിഞ്ഞ ഓണക്കാലത്ത് ഏജന്‍റുമാര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. മാനുഷിക പരിഗണനവച്ചു ചെയ്തത് ഇപ്പോള്‍ തിരിച്ചടിച്ചു. ഏജന്‍റുമാരില്‍നിന്ന് പണം തിരിച്ചുപിടിക്കേണ്ട ദുരവസ്ഥയാണ്.