വള്ളിയൂർക്കാവ് : ‘ഏതാനും നിമിഷങ്ങൾക്കകം വയനാട് ജില്ലാ കളക്ടർ എ ഗീത ഐഎഎസ് അരങ്ങിലെത്തുന്ന, കഥകളി അവതരിപ്പിക്കപ്പെടുകയാണ്’- ഈ വിളിച്ചറിയിപ്പ് വന്നതോടെ ഉത്സവത്തിന് എത്തിയവരുടെ മുഖത്ത് ആകാംക്ഷയും കൌതുകവും വിരിഞ്ഞു. കഥകളിയുടെ അരങ്ങില്‍ ദമയന്തിയായി എത്തിയ വയനാട് ജില്ലാ കളക്ടറെ വയനാട്ടുകാർ ഏറെ ആഹ്ളാദത്തോടെ സ്വീകരിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്ര ഉത്സവ വേദിയിലായിരുന്നു കളക്ടർ എ. ഗീതയുടെ കഥകളി അരങ്ങേറ്റം.
മുഖത്തെഴുത്തും ചമയവും കഴിയും വരെ സബ് കളക്ടർ ഗീതയ്ക്കൊപ്പം തന്നെ നിന്നു. കാഴ്ചക്കാരായി കളക്ടറേറ്റ് ജീവനക്കാരായ സഹപ്രവർത്തകരെല്ലാം ഒത്തുകൂടിയിരുന്നു. ഒട്ടു പ്രതീക്ഷിക്കാത്ത അവസരമാണെന്നും വയനാട് കളക്ടറായതുപോലൊരു അത്ഭുതമാണ് ഈ അരങ്ങേറ്റമെന്നും പറയുന്നു ഗീത. നിയോഗം പോലെ കിട്ടിയ അവസരമാണ്. കഥകളി അരങ്ങേറാൻ അനുയോജ്യമായ പരിസരമാണ് ക്ഷേത്രപരിസരം. അതിലുപരി വള്ളിയൂർക്കാവ് പോലൊരു ഉത്സവ വേദിയിൽ അരങ്ങേറാൻ സാധിച്ചത് വലിയ സന്തോഷം. ഞാൻ നേരത്തെ ഭരതനാട്യമാണ് അഭ്യസിച്ചിട്ടുള്ളത്. ഇപ്പോഴാണ് കഥകളി പഠിച്ചത്. നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയുടെ ഉദ്യാന പ്രവേശനമാണ് അവതരിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. നാട്ടിൽ നിന്ന് ആരുമില്ലെങ്കിലും എന്റെ സഹപ്രവർത്തകരെല്ലാം കാണാനെത്തിയതിന്റെ സന്തോഷവും എ ഗീതി പങ്കിട്ടു.