മലപ്പുറം : മലപ്പുറം പെരുന്തൽമണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കി. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന യോഗം വൈകിട്ട് നടക്കും. വൈകുന്നേരം മാധ്യമങ്ങളെ കൃത്യമായ വിവരങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിക്ക് പനി ബാധിച്ച് ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു ചികിത്സ നൽകിയിരുന്നു. ഭേദമാകാതെ വന്നതോടെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രോഗം മൂർച്ഛിച്ചതോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇന്നലെയാണ് ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.