വെള്ളനാട് : വെള്ളനാട് ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ജില്ലാപ്പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ത്രിവേണി സ്റ്റോറിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസാണ് ജില്ലാപ്പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്തത്. ശനിയാഴ്ച പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്റ്റോർ കരാർ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നു എന്നാരോപിച്ച് സ്റ്റോറിലെത്തിയ വെള്ളനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറും ജില്ലാപ്പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിയും ബാങ്ക് സെക്രട്ടറിയും വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പുറത്താക്കി ഷട്ടർ താഴ്ത്തുകയായിരുന്നു. ജീവനക്കാർ സംഭവം റീജണൽ മാനേജരെ അറിയിക്കുകയും ഇവർ സ്ഥലത്തെത്തി ആര്യനാട് പോലീസിൽ പരാതി നൽകി.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സർക്കാർ സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ബാങ്ക് സെക്രട്ടറിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് വെള്ളനാട് കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ഉദ്ഘാടന ശിലാഫലകം തകർത്ത കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശശി ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.