ആഗ്ര∙ ജുവനൈൽ ഹോമിലെ പെണ്‍കുട്ടികളെ സർക്കാർ ഉദ്യോഗസ്ഥ ക്രൂരമായി മർദിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആഗ്രയിലെ ജുവനൈൽ ജസ്റ്റിസ് ഹോമിലെ ദൃശ്യങ്ങളാണു പുറത്തുവന്നത്.പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരുപെൺകുട്ടിയുടെ കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഉള്ളത്. ചെരുപ്പും, കയ്യും ഉപയോഗിച്ചാണ് സ്ത്രീ പെൺകുട്ടികളെ മർദിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ജുവനൈൽ ജസ്റ്റിസ് ഹോമിലെ ഒരു പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ജുവനൈൽ ഹോം സൂപ്രണ്ട് പൂനം പലിനെ സസ്പെന്‍ഡ് ചെയ്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ പ്രയാഗ് രാജിലെ ജുവനൈൽ ഹോമിലും ഇവർ സമാനമായ കുറ്റകൃത്യം നടത്തിയിരുന്നു.
മുറിയിലെ കിടക്കയിൽ ഒരു പെൺകുട്ടി കിടക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തൊട്ടടുത്തുള്ള മൂന്ന് കട്ടിലുകളിലായി ആറ് പെൺകുട്ടികൾ കിടക്കുന്നുണ്ട്. കേസിലെ പ്രതിയായ പൂനം പൽ ഒരു പെൺകുട്ടിയെ മർദിക്കുന്നതു കാണാം. മറ്റൊരു ഉദ്യോഗസ്ഥ ഇത് കണ്ടുനിൽക്കുന്നുണ്ട്. തുടർന്ന് തൊട്ടടുത്ത കട്ടിലിൽ കിടക്കുന്ന മറ്റു പെൺകുട്ടികളെയും ഇവര്‍ മർദിച്ചു. ഏഴുവയസ്സിനടുത്ത് പ്രായമുള്ള പെൺകുട്ടിയുടെ കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടാണ് മർദിക്കുന്നത്.കേസിലെ പ്രതിയായ പൂനം പലിനെയും കുറ്റകൃത്യത്തിനു കൂട്ടുനിന്നവരെയും സസ്പെൻഡ് ചെയ്തതായി ആഗ്ര ഡിവിഷൻ കമ്മിഷണർ ഋതു മഹേശ്വരി പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗ്ര ജില്ലാ ജഡ്ജി ഉത്തരവിട്ടു.