തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത വിധി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹർജി നൽകുമെന്ന് പരാതിക്കാരൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രതിനിധി ആർ എസ് ശശികുമാർ അറിയിച്ചു. മാർച്ച് 18നാണ് ലോകായുക്തയിൽ കേസിലെ വാദം പൂർത്തിയാക്കിയത്. ഇതിനിടെ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കി. അസാധുവായ ഓർഡിനൻസിന് പകരം നിയമസഭ ചേർന്ന് ബിൽ പാസ്സാക്കാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് പരാതിക്കാരന്‍റെ നീക്കം.
ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പണം നൽകിയതിന്റെ എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ നൽകിയിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും സർക്കാർ നൽകിയിരുന്നു. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കിയത്. ദുരിതാശ്വാസ ഫണ്ട് വക മാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകയുക്തയിലുള്ള കേസാണ് തിരിക്കിട്ട് ഓർഡിനൻസ് കൊണ്ട് വരാൻ കാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.