മെൽബൺ : കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു. ഇതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയേറി. തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ, ഓസ്ട്രേലിയൻ ഓപ്പണിൽ സർവത്ര ആശയക്കുഴപ്പമാണ്. വാക്സിനെടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻവന്ന ജോക്കോവിച്ചിന്റെ വിസ മെൽബൺ വിമാനത്താവളത്തിൽവെച്ച് റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടർന്നാണ് താരത്തെ മോചിപ്പിച്ചത്. അതേസമയം ജോക്കോയുടെ വിസ വീണ്ടും റദ്ദാക്കാൻ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ട്.
ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ വാദിച്ചത്. എന്നാൽ അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പിന്നീടാണ് റിപ്പോർട്ടറുമായി സംസാരിച്ചതും ഐസൊലേഷൻ ലംഘിച്ചതും സ്ഥിരീകരിച്ചത്. ഇമിഗ്രേഷൻ ഫോമിൽ രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അനുവദിച്ചാൽത്തന്നെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ താരം സജ്ജനാണോ എന്നതാണ് മറ്റൊരു ചോദ്യം. അഞ്ചുദിവസം തടവിലെന്നപോലെയായിരുന്നു താരം. 17-നാണ് ടൂർണമെന്റ് തുടങ്ങുന്നത്.