മെൽബൺ : കുടിയേറ്റനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ തുടരാനാകും. ഒപ്പം 21-ാം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനായി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനുമാകും. എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നും ഫെഡറൽ സർക്യൂട്ട് കോടതി ജഡ്ജി ആന്തണി കെല്ലി ഉത്തരവിട്ടു. വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞ് ഹോട്ടലിലേക്ക് മാറ്റിയത്.
ഡിസംബറിൽ കോവിഡ് വന്നതിനാലാണ് വാക്സിൻ സ്വീകരിക്കാതിരുന്നതെന്നും വാക്സിൻ ഇളവ് ലഭിച്ചതിനാലാണ് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാണ് ആറിന് മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിൽ ജോക്കോ എത്തിയത്. എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ താരം കോടതിയെ സമീപിക്കുകയായിരുന്നു.