ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തില്‍ ഡിഎംകെയിൽ അച്ചടക്ക നടപടി. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂർത്തി എല്ലാ പാർട്ടി ചുമതലകളിൽ നിന്നും താൽകാലികമായി നീക്കി.
അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഗവർണർക്ക് മടിയാണെങ്കിൽ അദ്ദേഹം കശ്മീരിന് പോകട്ടെ, അയാളെ വെടിവച്ചിടാൻ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു എന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്‍റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമർശം.
ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗവർണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഡിഎംകെ സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ അനുമതിയോടെയാണ് ഡിഎംകെ നേതാവിന്‍റെ പരാമർശമെന്നാണ് ബിജെപിയുടെ ആരോപണം.