തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരിക്ക് ഡി.എൻ.എ പരിശോധന നടത്തും. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോയെന്ന സംശയം തീർക്കാനാണ് നീക്കം. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. ഇതിനിടെ, ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുൻപ് കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവർ യഥാർത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും അന്വേഷണ സംഘം നിർദേശിച്ചിരിക്കുകയാണ്.
19 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവാഴ്ച കുഞ്ഞിനെ കണ്ടെത്തിയത്. തേൻ വിൽപനക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രി കുഞ്ഞിനെ കാണാതായി. പകൽ മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റർ അകലെയുള്ള ഓടയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് സമീപവാസിയുടെ വെളിപ്പെടുത്തൽ. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സു തോന്നിക്കുന്ന മൂന്നു ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നത് കണ്ടെന്നാണ് ചാക്ക സ്വദേശി പറയുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികൾ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളർത്തിയവരാണെന്നുമാണ് മൊഴി.
നഗരമധ്യത്തിൽ, തന്ത്രപ്രധാന മേഖലയിൽ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണം കണ്ടെത്താന് പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതിൽ വിമർശനമുയർന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തിൽ പ്രദേശത്തെ സി.സി ടി.വികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.