പോഷകക്കുറവ് സംഭവിക്കുന്നതിനെ മിക്കവരും വളരെ നിസാരമായൊരു കാര്യമായാണ് കണക്കാക്കുന്നത്. എന്നാലങ്ങനെയല്ല, പോഷകക്കുറവ് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. അത് പഠനം, ജോലി, വ്യക്തിബന്ധങ്ങള്‍, ക്രിയാത്മക ജീവിതം, സാമൂഹിക ജീവിതം എന്നിങ്ങനെ നമ്മുടെ വിവിധ മണ്ഡലങ്ങളെയും ദോഷകരമായി ബാധിക്കും. ശാരീരികപ്രശ്നങ്ങള്‍ മാത്രമല്ല കാര്യമായ മാനസികാരോഗ്യപ്രശ്നങ്ങളും പോഷകക്കുറവ് സൃഷ്ടിക്കും. പതിവായി പച്ചക്കറികളും പഴങ്ങളും ഉറപ്പിച്ചാല്‍ തന്നെ വലിയൊരു പരിധി വരെ പോഷകക്കുറവിനെ അതിജീവിക്കാനാകും. ഇത് ഡോക്ടര്‍മാര്‍ തന്നെ നമ്മോട് നിര്‍ദേശിക്കാറുള്ളതാണ്.
എന്നാല്‍ അധികപേര്‍ക്കും ഇങ്ങനെ ആരോഗ്യകരമായൊരു ഡയറ്റ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാറില്ലെന്നതാണ് സത്യം. സമയമില്ലായ്മ തന്നെ പ്രധാന കാരണം. എങ്കിലും ചെറിയ രീതിയിലെങ്കിലും ശ്രദ്ധിച്ചാല്‍ പോഷകക്കുറവ് നമുക്ക് അല്‍പാല്‍പമായി പരിഹരിച്ചെടുക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്നൊരു ഡയറ്റ് ടിപ് ആണിനി പങ്കുവയ്ക്കുന്നത്.
ചില പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതാണല്ലോ ആരോഗ്യത്തിന് നല്ലത്. എന്നാല്‍ എല്ലാ പച്ചക്കറികളും ഇങ്ങനെ കഴിക്കാൻ ശ്രമിക്കരുത്. ഒന്ന് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് വഴി ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും, രണ്ട് ഇതിലെ പോഷകങ്ങള്‍ ശരിയാംവിധം ലഭ്യമാകാതെയും വരാം. എന്തായാലും ഇത്തരത്തില്‍ പോഷകങ്ങളുറപ്പിക്കാൻ നിങ്ങള്‍ പതിവായി വേവിച്ച് കഴിക്കേണ്ട അഞ്ചിനം പച്ചക്കറിളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ചീര…
ചീര ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഇലക്കറിയാണ്. എന്നാലിത് പച്ചയ്ക്ക് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചീരയിലുള്ള ‘ഓക്സാലിക് ആസിഡ്’ കാത്സ്യം- അയേണ്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് ആകിരണം ചെയ്തെടുക്കുന്നതിനെ തടയുന്നു. പക്ഷേ വേവിക്കുമ്പോള്‍ ഈ ആസിഡ് വിഘടിച്ചുപോകുന്നു.
മധുരക്കിഴങ്ങ്…
മധുരക്കിഴങ്ങ് പൊതുവില്‍ ആരും പാകം ചെയ്യാതെ കഴിക്കാറില്ല. എങ്കിലും അത് പാകം ചെയ്യാതെ കഴിക്കാൻ ശ്രമിക്കരുത്. കാരണം ഇത് വേവിച്ച് കഴിച്ചെങ്കില്‍ മാത്രമേ ഇതിലെ പോഷകങ്ങള്‍ ഉപയോഗപ്പെടൂ.
പച്ചപ്പയര്‍…
പച്ചപ്പയറും സാധാരണഗതിയില്‍ എല്ലാവരും ഒന്ന് വേവിച്ചേ കഴിക്കാറുള്ളൂ. എന്നാല്‍ ചിലര്‍ കൂടുതല്‍ ഗുണം ലഭിക്കുമെന്ന് പറഞ്ഞ് പച്ചപ്പയറും സലാഡുകളില്‍ ചേര്‍ക്കറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. എന്നുമാത്രമല്ല ദോഷവുമാകാം. പച്ചപ്പയറിലുള്ള ‘ലെക്ടിൻസ്’, വേവിക്കാതെ കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
വഴുതനങ്ങ…
വഴുതനങ്ങയും വെറുതെ കഴിക്കുന്നവര്‍ അപൂര്‍വമായിരിക്കും. എങ്കിലും പറയാം. വഴുതനങ്ങയും വേവിച്ച ശേഷമേ കഴിക്കാവൂ, മറ്റൊന്നുമല്ല- ഇതിന്‍റെ ഗുണങ്ങള്‍ മുഴുവനായി കിട്ടാൻ വേണ്ടിയാണിത്.
കൂണ്‍…
ചിലര്‍ കൂണും ഇതുപോലെ വേവിക്കാതെ കഴിക്കാറുണ്ട്. എന്നാല്‍ കൂണ്‍ പാകം ചെയ്യാതെ കഴിക്കുന്നത് നല്ലതല്ല. വയറിന് കാര്യമായ കോട് സംഭവിക്കുന്നതിനും ഇത് കാരണമാകാം. കൂണ്‍ കഴിക്കുന്നതാണെങ്കില്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്.