തിരുവനന്തപുരം: അതിതീവ്ര മഴയുടെയും മണ്ണിടിച്ചിലിന്‍റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്രവര്‍ത്തകർ സന്നദ്ധപ്രവര്‍ത്തകരായി രംഗത്തെത്തി ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തനത്തില്‍ ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ദുരിതാശ്വാസ പ്രവര്‍ത്തകരുമായും യുഡിഎഫ് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധുവിന്റെ കൊലപാതക കേസ് പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യം രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. അവര്‍ക്ക് യാതൊരു സൗകര്യവും കൊടുക്കാത്തതുകൊണ്ട് അവര്‍ നിര്‍ത്തിപ്പോയി. പിന്നെ ഒരാളെ പ്രോസിക്യൂട്ടറായി നിയമിച്ചു. വ്യാപകമായ സാക്ഷികളുടെ കൂറുമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനുശേഷം പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മതന്നെ പരാതിപ്പെട്ടു.