ആലപ്പുഴ: ശബരിമലയിൽ നിത്യബ്രഹ്മചാരി സങ്കൽപ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയിൽ യുവതികളെ വിലക്കി ചട്ടമുണ്ട്.
50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഉണ്ട്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോരുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം 50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് വാർത്തയായി വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം.
ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണം എന്നുമായിരുന്നു ജി. സുധാകരൻ ചടങ്ങിൽ പറഞ്ഞത്.
”ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്നതാണ് ചട്ടം. അത് മാറിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി കുറച്ചിട്ടില്ല. ശബരിമലയിൽ പ്രതിഷ്ഠ നിത്യബ്രഹ്മചാരി സങ്കൽപത്തിൽ ആയതുകൊണ്ടാണ് അത്. ഇതെല്ലാം നമ്മൾ അംഗീകരിച്ചു പോന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ, അട്ടിമറിക്കേണ്ടതോ അല്ല”-എന്നാണ് ഇതിന് മറുപടിയായി ജി. സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.