മുംബൈ: മഹാരാഷ്ട്രയിലെ അക്ലൂജിലുള്ള ശങ്കർറാവു മൊഹിതേ പാട്ടീൽ സഹകാരി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പിൻവലിക്കൽ പരിധി ഏർപ്പെടുത്തി ആർബിഐ. അടുത്ത ആര് മാസത്തേക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.
2023 ഫെബ്രുവരി 24 മുതൽ ആറ് മാസത്തേക്ക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും, മാത്രമല്ല, ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിന് ഇപ്പോൾ വായ്പ അനുവദിക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ അതിന്റെ ഏതെങ്കിലും വസ്തുവകകൾ കൈമാറാനോ വിനിയോഗിക്കാനോ കഴിയില്ല.
ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 സെക്ഷൻ 35 എ പ്രകാരമുള്ള നിർദ്ദേശങ്ങൾ ഇന്ന് പ്രവൃത്തി സമയം കഴിയുന്നതോടെ അവസാനിക്കും. സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറന്റ് അക്കൗണ്ടിൽ നിന്നോ മറ്റേതെങ്കിലും അക്കൗണ്ടുകളിലോ ഉള്ള മൊത്തം ബാലൻസിന്റെ 5,000 രൂപയിൽ താഴെയുള്ള തുക മാത്രം ബാങ്കിൽ നിന്നും പിൻവലിക്കാം എന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
പിൻവലിക്കൽ നിയന്ത്രം ഏർപ്പെടുത്തിയതിന് ആർബിഐ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി വ്യാഖ്യാനിക്കേണ്ടതില്ല എന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരുമെന്ന് ആർബിഐ അറിയിച്ചു. അതേസമയം, യോഗ്യരായ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക സ്വീകരിക്കാൻ അർഹതയുണ്ട്.