നിത്യജീവിതത്തില്‍ നാം നേരിടാറുള്ള പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ശരീരവേദന, ജലദോഷം, തലവേദന, ദഹനപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ഇത്തരത്തില്‍ സാധാരണഗതിയില്‍ മിക്കവരും നേരിടാറുള്ള പ്രശ്നങ്ങള്‍. എന്നാല്‍ ഇവയൊന്നും തന്നെ എല്ലായ്പോഴും നിസാരമാക്കി കളയുകയും അരുത്. പതിവായ ആരോഗ്യപ്രശ്നങ്ങള്‍ എപ്പോഴും പരിശോധനയിലൂടെ കാരണം കണ്ടെത്തി സമയബന്ധിതമായി തന്നെ പരിഹരിക്കുന്നതാണ് ഉചിതം.
ഇനി, മേല്‍പ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ പല തീവ്രതയില്‍ പല കാരണങ്ങള്‍ മൂലം പിടിപെടാറുണ്ട്. ഇതില്‍ തലവേദനയുടെ കാര്യത്തിലേക്ക് വരുമ്പോഴും ഇത്തരത്തില്‍ പല കാരണങ്ങളും കാണാറുണ്ട്. ഏറ്റവും അസഹനീയമായ രീതിയിലുള്ള തലവേദന, അതും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്നതാണെങ്കില്‍ ഇത് മൈഗ്രേയ്ൻ ആണെന്ന് മനസിലാക്കാം.
മൈഗ്രേയ്ൻ സ്ഥിരീകരിക്കാൻ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം. എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ മൈഗ്രേയ്ൻ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് ഇതുവരെയും വ്യക്തമായൊരുത്തരം നല്‍കാൻ ഗവേഷകര്‍ക്കോ പഠനങ്ങള്‍ക്കോ ഒന്നും കഴിഞ്ഞിട്ടില്ല.
ചില പാരമ്പര്യഘടകങ്ങളും സാമൂഹ്യഘടകങ്ങളും ഒന്നിച്ച് വരുമ്പോള്‍ അതാണ് മൈഗ്രേയ്ൻ ഉണ്ടാക്കുന്നത് എന്ന അവ്യക്തമായ ഉത്തരമാണ് ആകെ ലഭ്യമായിട്ടുള്ളത്. കാരണം കൃത്യമായി കണ്ടെത്താൻ സാധിക്കാത്തതിനാല്‍ തന്നെ ഇതിന് കൃത്യമായ ചികിത്സയും ലഭ്യമല്ല.
എന്നാല്‍ മൈഗ്രേയ്നെ കൈകാര്യം ചെയ്യുന്നതിന് ഒരുപിടി കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം ഏതെല്ലാം സാഹചര്യമാണ് മൈഗ്രേയ്നിലേക്ക് വ്യക്തിയെ നയിക്കുന്നത് എന്ന് മനസിലാക്കലാണ്.
ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? ബഹളം കേള്‍ക്കാൻ വയ്യ, തര്‍ക്കങ്ങളോ ഉറക്കെയുള്ള സംസാരമോ പൊട്ടിച്ചിരിയോ പോലും കേള്‍ക്കാൻ വയ്യ, അത് തലവേദനയുണ്ടാക്കും എന്ന്. അതുപോലെ തന്നെ കടുത്ത വെളിച്ചവും ചിലരില്‍ മൈഗ്രേയ്നുണ്ടാക്കാറുണ്ട്. സ്ട്രെസ്, ഉറക്കമില്ലായ്മ, കാലാവസ്ഥാ വ്യതിയാനം, ചില ഭക്ഷണങ്ങള്‍, ചില പാനീയങ്ങള്‍, മദ്യം, ചോക്ലേറ്റ്, ഹോര്‍മോണ്‍ വ്യതിയാനം, രൂക്ഷമായ ഗന്ധങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും മൈഗ്രേയ്ന് പിന്നില്‍ വരാറുണ്ട്.
എല്ലാവരിലും എല്ലാ കാരണങ്ങളും കാണണമെന്നില്ല. അവരവര്‍ക്ക് പ്രകോപനമായി വരുന്ന കാരണങ്ങളെ മനസിലാക്കി മൈഗ്രേയ്നുള്ളവര്‍ക്ക് ഇതിനെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇത് ക്രമേണ അനുഭവത്തിലൂടെയാണ് പഠിച്ചെടുക്കേണ്ടത്.
തളര്‍ച്ച, ഓക്കാനം, പെട്ടെന്ന് മാനസികാവസ്ഥ മാറിമറിയല്‍, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കടുത്ത തലവേദനയുമുണ്ടെങ്കിലാണ് നിങ്ങള്‍ മൈഗ്രേയ്ൻ സംശയിക്കേണ്ടത്. ഡോക്ടറുടെ സഹായത്താല്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇതിനെ കൈകാര്യം ചെയ്യാൻ വേണ്ട മുന്നൊരുക്കങ്ങളാകാം.
ആരോഗ്യകരമായ ജീവിതരീതികള്‍ (ഭക്ഷണവും വ്യായാമവും ഉറക്കവും അടക്കം), മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മെഡിറ്റേഷൻ, റിലാക്സേഷൻ ടെക്നിക്കുകള്‍, നേരത്തെ സൂചിപ്പിച്ചത് പോലെ പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എല്ലാം മൈഗ്രേയ്നെ ഫലവത്തായി ചെറുക്കും.