ന്യൂയോര്‍ക്ക്: ഫോൺ സ്വിച്ച് ഓഫാകുമെന്ന് ഓർത്ത് പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ) മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് പോയിന്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്ന് വിളിക്കുന്നത്. പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയെറെയാണ്. ട്വിറ്റർ പേജിലൂടെയാണ് എഫ്ബിഐ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ യു.എസ്.ബി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്. വേഗത്തിൽ ഹൈജാക്ക് ചെയ്യാൻ കഴിയുന്നതാണ് പൊതുഇടങ്ങളിലെ യു.എസ്.ബി പോർട്ടുകളിൽ പലതും. ഇത്തരത്തിലെ പോർട്ടുകളിലേക്ക് പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കർമാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാം. ഇങ്ങനെയാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും അക്കൗണ്ടുകളുടെ ആക്സസും ഹാക്കർമാർ സ്വന്തമാക്കുന്നത്.
അക്കൗണ്ടിലെ പണം നഷ്ടമാകുന്ന സാഹചര്യം വരെ ഇത് എത്തിക്കാം. പൊതു ഇടങ്ങളിൽ ചാർജ് ചെയ്യാനിടുമ്പോൾ യു.എസ്.ബി കേബിൾ ഉപയോഗിച്ച് വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ ചോർത്താനാകും.സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എഫ്ബിഐ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.യു.എസ്.ബി ടൈപ്പ് കേബിളുകൾ ചാർജിങ്ങിനപ്പുറം ഡാറ്റ ട്രാൻസ്ഫറിന് ഉപയോഗിക്കുന്നവയാണ്. മുൻപ് കേരള പൊലീസും ജ്യൂസ് ജാക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
പൊതു ചാർജ്ജിങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യേണ്ടി വന്നാൽ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ് പ്രധാനമായും സ്വികരിക്കേണ്ട മുൻകരുതൽ. പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്. ഫോൺ ചാർജ് ചെയ്യാനിടുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് എന്നി സുരക്ഷാ മാർഗ്ഗങ്ങൾ ഒഴിവാക്കുക.എസി പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക, യുഎസ്ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കുക എന്നിവയാണ് മറ്റ് സുരക്ഷാ മുൻകരുതലുകൾ.