നിത്യജീവിതത്തില്‍ നമ്മള്‍ കാണുന്ന പല കാര്യങ്ങള്‍ക്കും ശാസ്ത്രത്തിന് ഉത്തരമില്ല. പലപ്പോഴും ‘മിറാക്കിള്‍’ എന്ന് വിശേഷണത്തോടെ അത്തരം കാര്യങ്ങളെ നമ്മള്‍ പ്രത്യേകമായി മാറ്റി നിര്‍ത്തുന്നു. അത്തരമൊരു ‘അത്ഭുതം’ കഴിഞ്ഞ ദിവസം ബീഹാറില്‍ സംഭവിച്ചു. പ്രസവശേഷം മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ച പെണ്‍കുഞ്ഞ് ഒരു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ചകിയ പട്ടണത്തിൽ നിന്നാണ് അസാധാരണമായ മെഡിക്കല്‍ സംഭവം പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ ലോക്കല്‍ 18 റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യ ആശുപത്രിയില്‍ നടന്ന പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഡോക്ടര്‍മാര്‍ മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ കുട്ടിക്ക് പൾസ് ഇല്ലെന്ന് കണ്ടെത്തി. ശരീരത്തില്‍ രക്തയോട്ടത്തിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. ഉടനെ തന്നെ ബന്ധുക്കള്‍ കുട്ടിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ ഹോസ്പിറ്റലിലെ മൂന്നോളം ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ചു. സിപിആര്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ പള്‍സ് മിടിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെയാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ചതെന്നും സിപിആർ (Cardiopulmonary resuscitation) ന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബീഹാറിലെ ചകിയയിലെ സന്ദീപ് കുമാറിന്‍റെ ഭാര്യ പ്രിയങ്ക കുമാരി പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാത്രിയില്‍ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പ്രിയങ്കയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിസേറിയന് പറഞ്ഞിരുന്നെങ്കിലും സാധാരണ പ്രസവം മതിയെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി പുറത്ത് വരുന്ന വേളയില്‍ കുടുങ്ങി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയെ ഒരു വിധത്തില്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഇതെ തുടര്‍ന്നാണ് കുട്ടിയുടെ കുടുംബം എസ്‌കെഎംസിഎച്ച് ഹോസ്പിറ്റലിലേക്ക് പോയത്. അവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ കുട്ടിക്ക് ജീവന്‍ തിരിച്ച് കിട്ടിയെന്ന് ലോക്കല്‍ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.