ആലപ്പുഴ ∙ സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ പല പിഴവുകളും കണ്ടെത്തിയതിനു പിന്നാലെ മെഡിക്കൽ കോളജിൽ 6 സീനിയർ ഡോക്ടർമാരെ സ്ഥലം മാറ്റി. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. തങ്കു തോമസ് കോശിക്ക് ഇടുക്കി, പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പി.വേണുഗോപാലിന് കോട്ടയം, ഇഎൻടി പ്രഫസർ ഡോ. ഹെർമൻ ഗിൽഡ് എം.ജോണിന് മഞ്ചേരി, ജനറൽ സർജറി അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. ആർ.വി.രാംലാലിനും ഡോ. വൈ.ഷാജഹാനും കോഴിക്കോട്, ഓർത്തോ വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് അഷ്‌റഫിന് കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലേക്കാണു മാറ്റം.
പരാതിയുയർന്ന സാഹചര്യത്തിൽ മന്ത്രി വീണാ ജോർജ് അടുത്തിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. അന്ന് പല പോരായ്മകളും മന്ത്രി കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് പ്രത്യേക ചുമതലയും നൽകി. മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചാണ് സ്ഥലംമാറ്റം. അടുത്തിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ചതും വലിയ വാർത്തയായിരുന്നു.