കാസര്‍കോട്: കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 79 പേരെ സ്ഥലം മാറ്റി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പത്തില്‍ താഴെ ആയതോടെയാണ് കാസര്‍കോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 79 പേരെ സ്ഥലം മാറ്റിയത്. വര്‍ക്കിംഗ് അറേഞ്ച്‍മെന്‍റിന്‍റെ ഭാഗമായി ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് മാറ്റം.
കൊവിഡ് കാലം കഴിയുമ്പോള്‍ ഈ ആശുപത്രി നഷ്ടമാകുമോ എന്നുള്ള ആശങ്കയിലാണ് പൊതുജനം. ടാറ്റാ ആശുപത്രിയെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്താനുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതേസമയം ഭരണച്ചുമതല നല്‍കിയാല്‍ കിഡ്നി രോഗികള്‍ക്കുള്ള സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാണ്.
ജില്ലാ പഞ്ചായത്തിനെ ആശുപത്രിയുടെ ഭരണ ചുമതല ഏല്‍പ്പിക്കണമെന്ന് എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉള്‍പ്പടെ ഉള്ളവര്‍ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖല ആയതിനാല്‍ ദുരിത ബാധിതര്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇനി കാസര്‍കോട്ടെ ടാറ്റാ ആശുപത്രിയുടെ ഭാവി തീരുമാനിക്കേണ്ടത് സര്‍ക്കാരും ആരോഗ്യ വകുപ്പുമാണ്.