ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർ ഫുഡാണ് ഉലുവ. അവശ്യ പോഷകങ്ങളായ റൈബോഫ്ലേവിൻ, കോപ്പർ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ലിനോലെയിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിനുകൾ എ, ബി6, സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകളും ഉലുവയിലുണ്ട്. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉലുവ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. അമിതവണ്ണമുള്ള 18 ആളുകളിൽ പഠനം നടത്തുകയായിരുന്നു.
ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അനാരോഗ്യകരമായ ലഘുഭക്ഷണത്തിന്റെയും പഞ്ചസാരയുടെ ആസക്തിയുടെയും സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കുക. മുലയൂട്ടുന്ന അമ്മമാർ ഉലുവ വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും. ഉലുവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. താരൻ, അകാലനര എന്നിവ തടയുന്ന നിക്കോട്ടിനിക് ആസിഡും മുടിയെ ജലാംശം നൽകുന്ന ലെസിത്തിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉലുവയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.