തിളക്കമുള്ളതും ശക്തവുമായ മുടിക്ക് സവാള നീര് തലയോട്ടിയിൽ പുരട്ടുന്നത് പണ്ടുമുതലേ ആളുകൾ ചെയ്ത് വരുന്ന ഒന്നാണ്. മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനും സവാള സഹായകമാണെന്ന് പലരും കരുതുന്നു. സവാളയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. വാസ്തവത്തിൽ സവാള മുടികൊഴിച്ചിൽ കുറയ്ക്കുമോ?.
സവാള ജ്യൂസിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്ന് തടയാൻ സഹായിക്കുന്ന ഒരു സംയുക്തമാണ്. സൾഫർ മുടി തഴച്ച് വളരാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ സവാള ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് നല്ലതോ?.
ഇതൊരു മിഥ്യയാണെന്നും ഒരു ശാസ്ത്രീയ പഠനം വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്നും പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ‘സവാള ജ്യൂസ് പ്രത്യേകിച്ച് പുരുഷ പാറ്റേണിൽ മുടി വളരുന്നതിന് കാരണമാകുമെന്ന് ശാസ്ത്രീയ തെളിവുകളോ പ്രസിദ്ധീകരിച്ച വിവരങ്ങളോ ഇല്ല…’ – ഡോ. ശരദ് പറയുന്നു. വാസ്തവത്തിൽ, ഇത് വിപരീത ഫലമുണ്ടാക്കുമെന്നും മുടി കൊഴിച്ചിലിന് കാരണമാകുമെന്നും ഡോ. ശരദ് പറഞ്ഞു.
‘ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലരിൽ ഇത് വ്യത്യസ്തമായി പ്രതികരിക്കാം. മുടി വളരുമെന്ന് അവകാശപ്പെടുന്നതോ മുടിയുടെ മറ്റ് പ്രശ്‌നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ സഹായിക്കുന്നതോ ആയ കിംവദന്തികളോ പോസ്റ്റുകളോ സോഷ്യൽ മീഡിയയിൽ കണ്ട് വിശ്വാസിക്കരുത്. എന്നാൽ, സവാള ശിരോചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കും…’ – ഡോ. ശരദ് പറഞ്ഞു.
‘മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. ഒരു വിദഗ്ദ്ധനെ കണ്ട് പരിശോധിക്കാതെ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക…’- ഡോ ശരദ് കൂട്ടിച്ചേർക്കുന്നു.