വണ്ണം കുറയ്ക്കണമെങ്കില്‍ പതിവായ വ്യായാമം ആവശ്യമാണെന്ന് നമുക്കറിയാം. ഇതിന് ചിലര്‍ ജിമ്മിലോ ഫൈറ്റ് ക്ലബ്ബുകളിലോ പോയി വര്‍ക്കൗട്ടോ മാര്‍ഷ്യല്‍ ആര്‍ട്സോ എല്ലാം ചെയ്യും. മറ്റ് ചിലരാകട്ടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമമുറകളെ ആശ്രയിക്കും. ഒരു വിഭാഗം പേര്‍ ഫിറ്റ്നസ് ലക്ഷ്യമിട്ട് നടപ്പിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
രാവിലെയോ വൈകീട്ടോ ഇങ്ങനെ പതിവായി നടക്കാൻ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ ഇങ്ങനെ നടന്നിട്ട് കാര്യമുണ്ടോയെന്ന സംശയം ഏവരും ഉന്നയിക്കാറുള്ളതാണ്. അല്ലെങ്കില്‍ നടപ്പ് കൊണ്ട് യഥാര്‍ത്ഥത്തില്‍ നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്താണെന്നതില്‍ അവ്യക്തതയുള്ളവരുമുണ്ട്.
അമിതവണ്ണമുള്ളവരാണെങ്കില്‍ അവര്‍ക്ക് നടപ്പിലൂടെ മാത്രം വണ്ണം കുറയ്ക്കാൻ അല്‍പം പ്രയാസം തന്നെയായിരിക്കും. ഡയറ്റിലെ ശ്രദ്ധയ്ക്കൊപ്പം തന്നെ ഡോക്ടറുടെ കൂടി നിര്‍ദേശം തേടിയ ശേഷം കാര്യമായ വര്‍ക്കൗട്ടുകളിലേക്ക് തന്നെ ഇവര്‍ കടക്കുന്നതായിരിക്കും ഉചിതം. ഫിറ്റ്നസ് കാത്തുസൂക്ഷിക്കണമെന്നുള്ള, അമിതവണ്ണമില്ലാത്ത ആളുകളെ സംബന്ധിച്ച് നടപ്പ് നല്ലൊരു വ്യായാമം തന്നെയാണ്.
എന്നാല്‍ വെറുതെ നടന്നാല്‍ പോര. ദിവസവും 10,000 അടിയെങ്കിലും നടക്കണം. അതും സാമാന്യം വേഗതയിലും കനത്തിലും തന്നെ നടക്കണം. ഇങ്ങനെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ പ്രമുഖ മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘നേച്ചര്‍ മെഡിസിനി’ല്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ജിവസവും 10,000 അടി നടക്കുന്നവരില്‍ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും അകലം പാലിക്കാം.
പ്രമേഹം, ബിപി, അമിതവണ്ണം, ഉദരസംബന്ധമായ പ്രശ്നങ്ങളും രോഗങ്ങളും, ഉറക്കപ്രശ്നങ്ങള്‍ എന്നിവയെല്ലാം അകറ്റാൻ നടപ്പ് സഹായിക്കുമെന്നാണ് പഠനം വിശദീകരിക്കുന്നത്. ഇത്ര സമയത്തിനുള്ളില്‍ ഇത്യടി നടക്കുക, അത് വേഗതയിലും, കനത്തിലും ആയിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ്. പതിയെ ഏറെ ദുരം നടന്നിട്ടും അതിന് വലിയ ഫലം ലഭിക്കില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ നടപ്പ് സഹായകമാണ്. ഇതിനൊപ്പം തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നടപ്പ് വലിയ രീതിയില്‍ സഹായിക്കുന്നു. സ്ട്രെസ് – ഉത്കണ്ഠ- വിഷാദത്തിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാനോ ആശ്വാസം നേടാനോ നടപ്പ് സഹായകമാണ്.
ശരീരഘടനയെ ടോണ്‍ ചെയ്തെടുക്കുന്നതിനും നടപ്പ് സഹായിക്കും. കാലിന്‍റെ ഘടന, വയറ് എന്നീ ഭാഗങ്ങളെല്ലാം ഭംഗിയായി വരാൻ പതിവായ നടത്തം പ്രയോജനപ്രദമാണ്. മുപ്പത് മിനുറ്റ് നല്ലരീതിയില്‍ നടക്കുമ്പോള്‍ ഒരാള്‍ക്ക് 150 കലോറിയാണ് എരിച്ചുകളയാൻ സാധിക്കുക. എന്തായാലും ഏതുതരം വ്യായാമമാണെങ്കിലും അതിലേക്ക് പോകും മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുന്നത് എപ്പോഴും നല്ലതാണ്. എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളില്‍ മറഞ്ഞിരിക്കുന്നുവെങ്കില്‍ അത് കൂടി പരിഗണിച്ചേ നാം വ്യായാമം ചെയ്യാവൂ എന്നതിനാലാണിത്.