ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നുവെന്ന ചിന്ത നിങ്ങളെ അസ്വസ്ഥതയിലേക്ക് തള്ളി വിടുന്നുണ്ടോ? എന്താണിതിനു കാരണമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ? പരിഹാരം എന്തെന്ന് ഇതുവരെ മനസ്സിലായില്ലേ? എങ്കിൽ മനസ്സിലാക്കാനും പരീക്ഷിക്കാനും ചില കാര്യങ്ങൾ ഇതാ. ചൂടുവെള്ളവും രാസവസ്തുക്കളുമാണ് കൈകളുടെ പ്രധാന ശത്രു. അതിന്റെ അമിത ഉപയോഗം കൈകളുടെ മൃദുത്വം നശിപ്പിച്ചു കളയുന്നു. ഇവയുടെ തുടർച്ചയായുള്ള അമിത ഉപയോഗം കൈകൾക്ക് പലതരത്തിലുള്ള അലർജിയുണ്ടാക്കുകയും കൈകളെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു. ചൂടുവെള്ളവും ഡിഷ്‌വാഷറും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോൾ ഗ്ലൗസ് അണിയാം. റബർ ഗ്ലൗസ് അണിയുന്നതിനു മുൻപ് കൈകളിൽ ലോഷൻ പുരട്ടാൻ ശ്രദ്ധിക്കണം. ഇത് കൈകളെ മോയിസ്ച്യുറൈസ് ചെയ്യാൻ സഹായിക്കും.
• പുരികത്തിന് വേണം ആകൃതി
ആകൃതി വരുത്താതെ കാടുപിടിച്ചു കിടക്കുന്ന പുരികങ്ങൾ മുഖത്തിന് പ്രായക്കൂടുതൽ തോന്നിക്കും. കണ്ണുകൾക്ക് ക്ഷീണം തോന്നാനും അത് കാരണമാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ പുരികത്തിന് ആകൃതി വരുത്താൻ ശ്രദ്ധിക്കണം. ആകൃതിയൊത്ത പുരികങ്ങൾ മുഖത്തിന് കൂടുതൽ തെളിച്ചം നൽകും.
• ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
ചർമത്തിനുവേണ്ടി വിവിധ തരത്തിലുള്ള മേക്കപ് ഉൽപന്നങ്ങൾ പലരും തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ മൂന്ന് പ്രധാന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്സും വിറ്റാമിൻ സിയും അതിലടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയിഡ്സ് അടങ്ങിയിട്ടുണ്ടോയെന്നു ശ്രദ്ധിക്കണം. മൃതകോശങ്ങളുടെ ഏറ്റവും പുറമേയുള്ള പാളികളെ അകറ്റാൻ സഹായിക്കുന്ന ആൽഫ ഹൈട്രോക്സി ആസിഡ് എക്സഫ്ലോയിറ്റർ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.
• നോ പറയാം
മുഖത്തെ വലിയ പാടുകളും കുഴികളുമൊക്കെ മറയ്ക്കാനാണ് വലിയ രീതിയിൽ ഫൗണ്ടേഷൻ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായം കുറവ് തോന്നിക്കുന്ന ലുക്ക് ലഭിക്കാനാണ് ആഗ്രഹമെങ്കിൽ പൗഡർ രൂപത്തിലുള്ള ഫൗണ്ടേഷനുകൾ ഉപയോഗിക്കാതിരിക്കുക. വളരെ ലൈറ്റ് ആയ ഫൗണ്ടേഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
• മുഖം തിളങ്ങട്ടെ
മുഖം ഡ്രൈ ആയിരിക്കുമ്പോഴാണ് മുഖത്തിന് വല്ലാതെ പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നൽകുന്ന ക്രീമുകൾ ഉപയോഗിക്കാം. മുഖം ഫ്രഷ് ആയും ചെറുപ്പമായും ഇരിക്കാൻ അത് സഹായിക്കും.