പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് യൗവനകാലത്ത് തന്നെ പ്രായമായത് പോലെ തോന്നിക്കാറുണ്ട്. ചര്‍മ്മത്തില്‍ വരുന്ന ചുളിവുകള്‍, ചര്‍മ്മത്തിനേല്‍ക്കുന്ന മങ്ങല്‍, പാടുകള്‍ എന്നിവയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.
അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
പലരും സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപയോഗിക്കാറില്ല. ഇതുമൂലം സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപോഗിക്കുന്നത് ആണ് ചര്‍മ്മ സംരക്ഷണത്തിന് നല്ലത്. സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മം ആരോഗ്യത്തടോയിരിക്കാനും ഇത് സഹായിക്കും.
രണ്ട്…
വ്യായാമക്കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. വ്യായാമം ചെയ്യുന്നതിലൂടെ വിയര്‍ക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മികച്ചതാക്കുകയും ചര്‍മ്മത്തിലെ വിഷവസ്തുക്കളെ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും.
മൂന്ന്…
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം. അതിനാല്‍ ദിവസവും നന്നായി വെള്ളം ധാരാളം കുടിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
നാല്…
പലരും ക്ലെൻസർ ഉപയോഗിക്കാറില്ല. ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുന്നതാണ് ചര്‍മ്മത്തിന് നല്ലത്. ഇത് മുഖക്കുരു പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത 50% കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അഞ്ച്…
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണരീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബെറി പഴങ്ങള്‍, ഇലക്കറികള്‍, ബദാം, പാല്‍ തുടങ്ങിയവ കഴിക്കാം.
ആറ്…
പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കാം. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുകയാണ് ചര്‍മ്മ സംരക്ഷണത്തിന് നല്ലത്.
ഏഴ്…
ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം. തുടർച്ചയായ ഉറക്കക്കുറവ് ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.