തൃശൂർ: ജയിലുകളിൽ ലഹരിയും മൊബൈൽ ഫോണുകളും പിടികൂടിയെന്ന വാർത്ത ഇനി ഉണ്ടാവില്ല. പൊലീസും ജയിൽ ജീവനക്കാരും പരാജയപ്പെട്ട ദൗത്യം ഇനി പൊലീസിന്റെ ശ്വാനപ്പട നിയന്ത്രിക്കും. ജയിലുകളുടെ സുരക്ഷയിലേക്കുള്ള പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് സേനയുടെ ഭാഗമായി. ജയിലിനുള്ളിൽ പരിശീലനം നേടിയ ടെസ, ബ്രൂണോ, റാംബോ, ലൂക്ക, റോക്കി എന്നീ അഞ്ച് പൊലീസ് ഡോഗുകളുടെ പരേഡ് വിയ്യൂരിൽ ജയിൽ ഓഫിസർമാർക്കുള്ള പരിശീലനകേന്ദ്രമായ സിക്കയിൽ നടന്നു.
അതിസുരക്ഷ ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ച് സ്ക്വാഡിനെ സേനയുടെ ഭാഗമാക്കി. അഞ്ച് ഡോഗുകളും 10 പരിശീലകരുമാണ് പരിശീലനം നേടിയത്. ജയിലുകളിലേക്ക് തടവുകാർ ലഹരിവസ്തുക്കളും മൊബൈൽ ഫോണും കയറ്റാൻ ശ്രമിച്ചാൽ മണത്ത് കണ്ടുപിടിക്കുന്നതടക്കം ഒമ്പതുമാസത്തെ കഠിനപരിശീലനം പൂർത്തിയാക്കിയാണ് ഇവർ ജയിൽ ഭരിക്കാനിറങ്ങുന്നത്.
റാംബോ, ലൂക്ക എന്നിവരാണ് വിയ്യൂരിൽ. തിരുവനന്തപുരത്തേക്ക് ടെസയും ബ്രൂണോയും. റോക്കിയാണ് തവനൂരിൽ. പൊലീസ് അക്കാദമിയിലെ ഡോഗ്സ് ട്രെയിനിങ് സ്കൂളിലാണ് പരിശീലിപ്പിച്ചതെങ്കിലും ജയിൽ ചുമതലയിലേക്കാണ് നിയോഗിക്കുന്നതെന്നതിനാൽ ജയിൽ വളപ്പിൽ പരിശീലനം നൽകിയതും ഈ ബാച്ചിന്റെ പ്രത്യേകതയാണ്. പൊലീസ് അക്കാദമിയിലെ ട്രെയിനർ മധുരാജും സംഘവുമാണ് പരിശീലനം നൽകിയത്. മുഖ്യാതിഥിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചത് ഡോഗ് സേനാംഗമാണ്.