ചേർത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിലെ അമ്മയടക്കമുള്ള പ്രതികളെ ചേർത്തല കോടതിയിൽ എത്തിച്ച് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡിൽ ആനമൂട്ടിൽ ചിറയിൽ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടു പറപുത്തൻ പറമ്പ് തോമസ് ജോസഫ് (24), മറവ് ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റഡിയിൽ അഞ്ച് ദിവസം വേണമെന്നാണ് പൊലീസ് ആവശ്യപെട്ടത്. എന്നാൽ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ മജിസ്ട്രേറ്റ് ഷെറിൻ ജോർജ് ഉത്തരവിട്ടു. കൊട്ടാരക്കര വനിതാ ജയിലിൽ നിന്നാണ് ചേർത്തല കോടതിയിൽ ഡോണാ ജോർജിനെ എത്തിച്ചത്. ഇനി രണ്ട് ദിവസെത്തെ ചൊദ്യം ചെയ്യലിന് ശേഷം വീണ്ടും കോടതിയിൽ എത്തിച്ച് വനിതാ ജയിലിലേയ്ക്ക് കൊണ്ട് പോകും.രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഡോണയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചതാണോ, കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.