ദില്ലി: ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങളിലെ പഴയ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഭീഷണിയുള്ളതായി മുന്നറിയിപ്പുമായി ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച് എന്നിവയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്.
ആപ്പിള്‍ ഡിവൈസുകളില്‍ സുരക്ഷാ ഭീഷണികളുള്ളതായി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം. വളരെ സെന്‍സിറ്റിവായ വിവരങ്ങള്‍ തട്ടിയെടുക്കാനും ഐഫോണിന്‍റെയും ഐമാക്കിന്‍റെ നിയന്ത്രണം കൈക്കലാക്കാനും പിഴവുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. ഐഒഎസ് 18, ഐഒഎസ് 17.7 എന്നിവയ്ക്ക് മുമ്പുള്ള സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണുകള്‍ക്കും, ഐപാഡ്‌ഒഎസ് 18, 17.7 എന്നിവയ്ക്ക് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകള്‍ക്കും, പഴയ മാക്ഒഎസിലുള്ള മാക് ഡിവൈസുകള്‍ക്കും, വാച്ച്ഒഎസ് 11ന് മുമ്പുള്ള ആപ്പിള്‍ വാച്ചുകള്‍ക്കുമാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. വിഷന്‍ഒഎസിന്‍റെ പഴയ പതിപ്പുകളിലുള്ള മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ക്കും സുരക്ഷാ ഭീഷണിയുള്ളതായി സെര്‍ട്ട് അറിയിക്കുന്നു.
ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളില്‍ ആപ്പിള്‍ പരിഹരിച്ചതാണ്. അതിനാല്‍ തന്നെ സുരക്ഷാ ഭീഷണി മറികടക്കാന്‍ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറുകള്‍ ആപ്പിള്‍ ഡിവൈസുകളില്‍ അപ്‌ഡേറ്റ് ചെയ്യണം എന്ന് ഉപഭോക്താക്കളോട് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം ആവശ്യപ്പെടുന്നു.