പാലക്കാട്: മൂന്നാർ ചിന്നക്കനാൽ മേഖലയുടെ സ്വൈര്യം കെടുത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മുതലമട പഞ്ചായത്ത്. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. കാട്ടാനയെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വര്‍ഷം തന്നെ നാല്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പന്‍ കൂടി എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവര്‍ പേടിയോടെ ചിന്തിക്കുന്ന കാര്യം.