ന്യൂഡല്‍ഹി: കോടതി ഉത്തരവുകള്‍ പാലിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാറുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരത്തിൽ പൊതുവായ ഒരു ഉത്തരവ് എങ്ങനെ പുറത്തിറക്കുമെന്ന ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് കോടതി ഈ ആവശ്യം തള്ളിയത്. എല്ലാ ഉത്തരവുകളും നിബന്ധനകള്‍ക്ക് വിധേയമായി പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.
കോടതി ഉത്തരവുകള്‍ ബാധകമാവുന്ന എല്ലാവരും അപ്പീലുകള്‍ക്ക് വിധേയമായി ആ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ ഒരു റിട്ട് ഫയൽ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വിശദീകരിച്ചു. ഇത്തരത്തിലൊരു റിട്ട് അംഗീകരിച്ച് ഒരു പൊതു ഉത്തരവ് എങ്ങനെ ഇറക്കുമെന്നും കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
തമിഴ്നാട്ടിലെ മധുര സ്വദേശിയായ അഭിഭാഷൻ കെ.കെ രമേശാണ് ഹര്‍ജി നല്‍കിയത്. അദ്ദേഹത്തോട് ഒരു മുതിർന്ന അഭിഭാഷകനൊപ്പം ചേര്‍ന്ന് കുറച്ച് നിയമങ്ങള്‍ പഠിക്കാനും കോടതി ഉപദേശിച്ചു. “കുറച്ച് ഒഴിവ് സമയം കണ്ടെത്തി ഒരു മുതിർന്ന അഭിഭാഷകനൊപ്പം ചേർന്ന് കുറച്ച് നിയമം പഠിക്കണം, ഇത്തരം ഹര്‍ജികളുമായി വരരുതെന്ന് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. കോടതി ഉത്തരവ് പാലിക്കണമെന്ന് പറഞ്ഞ‌് ഉത്തരവിടാനാവില്ല. ഉത്തരവുകള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴാണ് അത്തരത്തിലുള്ള നിര്‍ദേശങ്ങൾ നല്‍കേണ്ടത്. ഉത്തരവുകള്‍ പാലിക്കണമെന്നതാണ് നിയമമെന്നും” കോടതി ഓര്‍മിപ്പിച്ചു.