വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കഴിക്കാനും കുടിക്കാനും പലതരം ഭക്ഷണസാധനങ്ങൾ കിട്ടും. എന്നാൽ, ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നത് ചായയും കാപ്പിയുമടങ്ങുന്ന ചൂടുള്ള തരം ഡ്രിങ്ക്സ് ഒഴിവാക്കണം എന്നാണ്. പകരം വൈൻ, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയൊക്കെ പരിഗണിക്കാം എന്നാണ് യുഎസ് എയർലൈൻസിൽ ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന സിയറ മിസ്റ്റ് പറയുന്നത്.
വിമാനയാത്രകളിൽ, ചൂടുവെള്ളം വേണ്ടി വരുന്ന ചായയും കാപ്പിയും അടക്കം എല്ലാം താനും തന്റെ സഹപ്രവർത്തകരും ഒഴിവാക്കാറായിരുന്നു പതിവ്. പകരം മറ്റെന്തെങ്കിലും കുടിക്കും. അത്രയും ഗതികെട്ടാലോ വേറെ വഴിയില്ലാതെ വന്നാലോ മാത്രമേ തങ്ങൾ ചായയോ കാപ്പിയോ ഒക്കെ കുടിക്കാൻ തയ്യാറാവാറുള്ളൂ എന്നും സിയറ പറയുന്നു. യാത്രക്കാരോടും അവൾ പറയുന്നത് കഴിയുന്നതും നിങ്ങൾ ചായയും കാപ്പിയും അടക്കം ചൂടുള്ള ഡ്രിങ്ക്സ് ഒഴിവാക്കണം എന്നാണ്. ഏറെക്കാലം വിമാനത്തിൽ ജോലി ചെയ്തിരുന്ന ആളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സിയറ ഇക്കാര്യം വ്യക്തമാക്കുന്നത്.
അവൾ പറയുന്നത് താൻ വിമാനത്തിൽ യാത്ര ചെയ്യുന്നു എന്ന് മാത്രമല്ല, അതിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും കാണുന്ന ഒരാളും കൂടിയാണ്. അതുപോലെ തന്നെ വിമാനത്തിൽ നടക്കുന്ന ക്ലീനിംഗും താൻ കാണാറുണ്ട്. വിമാനത്തിൽ യാത്രകൾക്ക് ശേഷം പെട്ടെന്ന് തന്നെ വൃത്തിയാക്കാനുള്ള ഒരു സംഘം അതിന്റെ അകത്തെത്തും. വളരെ പെട്ടെന്ന് വേണം ക്ലീനിംഗ് പൂർത്തിയാക്കാൻ.
അങ്ങനെ വൃത്തിയാക്കുമ്പോൾ മിക്കവാറും എല്ലായിടവും വൃത്തിയാക്കും. എന്നാൽ, ചില സ്ഥലങ്ങൾ ഒഴിവാക്കി കളയും. ചായ, കാപ്പി ഇവയൊക്കെ തയ്യാറാക്കാൻ വേണ്ടി ചൂടുവെള്ളമെടുക്കുന്ന മെഷീൻ ഇങ്ങനെ വൃത്തിയാക്കാതെ ഒഴിവാക്കി കളയാറുണ്ട് എന്നാണ് അവൾ പറയുന്നത്. മിക്കവാറും വിമാനത്തിൽ കാലങ്ങളായി വൃത്തിയാക്കാത്ത മെഷീനുകളാണ് ഉള്ളത് എന്നും അവൾ പറയുന്നു. അതിനാലാണത്രെ അവൾ വിമാനയാത്രയിൽ ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറയുന്നത്.