മുംബൈ : രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം എംഎൽഎ സന്തോഷ് ബംഗാറാണ് വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ച് ഒരാഴ്ച തികയും മുമ്പാണ് കലംനൂരിയിൽനിന്നുള്ള എംഎൽഎയുടെ പരാമർശം. ഹിംഗോലി ജില്ലയിലെ ജില്ലാ പരിഷത് സ്‌കൂൾ സന്ദർശന വേളയിലാണ് ബംഗാറിന്റെ പരാമർശം.അടുത്ത തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞാൽ നിങ്ങൾ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത് എന്നാണ് കുട്ടികളോട് പറഞ്ഞത്. ഇക്കാര്യം കുട്ടികളോട് ആവർത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എംഎൽഎയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.