ദില്ലി:പാർലമെന്‍റ് മന്ദിര ഉദ്ഘാടന വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് ബിജെപി.ചരിത്രം കോൺഗ്രസ് മറക്കരുതെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി ആവശ്യപ്പെട്ടു.1975 ൽ പാർലമെന്‍റ് അനക്സ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു.87 ൽ പാർലമെൻ്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയായിരുന്നു.രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് പോലും കോൺഗ്രസ് അനാവശ്യം പ്രചരിപ്പിക്കുകയാണെന്നും ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി.
വരുന്ന ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് നേരത്തെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ശക്തമാക്കിയിട്ടുണ്ട്.. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്.പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്‍റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അവസരം ഒരുക്കാനായി പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റിന്‍റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. ഭൂമിപൂജ നടത്തി തറക്കില്ലിട്ടത് പ്രധാനമന്ത്രിയായിരുന്നു.പാര്‍ലമെന്‍റിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തതും മോദി. രാഷ്രീയ നേട്ടത്തിന് ആര്‍എസ്എസും ബിജെപിയും പാര്‍ലമെന്‍റിനെ ഉപോയഗിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം കടുപ്പിക്കുകയാണ്. സവര്‍ക്കര്‍ ജയന്തി ദിനം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നും വിമര്‍ശനമുയരുന്നു. ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതിയെ അവഗണിച്ചെന്ന ആക്ഷേപം കടുപ്പിച്ചും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.ഈ സാഹചര്യത്തിലാണ് ചരിത്രം ഓര്‍മ്മിപ്പിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.