അനുചിതമായ പെരുമാറ്റം കൊണ്ട് ആളുകളെ പല സ്ഥലങ്ങളിൽ നിന്നും വിലക്കിയതായിട്ടുള്ള അനേകം വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ, ഒരു യുവാവിനെ വാഹനങ്ങളിൽ സ്ത്രീകളുടെ കൺവെട്ടത്ത് പോലും ചെല്ലരുത് എന്ന് വിലക്കിയിരിക്കുകയാണ് കോടതി. യുകെയിലെ ബർമിംഗ്ഹാം സിറ്റിയിൽ താമസിക്കുന്ന 34 -കാരനായ ക്രിസ്റ്റപ്സ് ബെർസിൻസിനെയാണ് പബ്ലിക് ട്രാൻസ്പോർട്ടുകളിൽ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റപ്സ് ട്രെയിനിൽ വച്ച് ഒരു സ്ത്രീയോട് ലൈംഗികാതിക്രമം കാണിച്ചു.
ഇതിന് പിന്നാലെയാണ് ഇയാളെ പബ്ലിക്ക് വാഹനങ്ങളിൽ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതിൽ നിന്നും കോടതി വിലക്കിയിരിക്കുന്നത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാണിക്കുന്ന കുറ്റവാളികളുടെ രജിസ്റ്ററിൽ ഇയാളുടെ പേര് ചേർത്തിട്ടുമുണ്ട്. അടുത്ത ഏഴ് വർഷം ആ രജിസ്റ്ററിൽ ഇയാളുടെ പേര് കാണും. ഒപ്പം, 31,000 രൂപ പിഴയടക്കാനും വിധിയിൽ പറയുന്നു.
ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയുടെ അടുത്ത് ചെന്നിരിക്കുകയും അവരോട് മോശമായി പെരുമാറുകയും അശ്ലീല കമന്റുകൾ പറയുകയുമായിരുന്നു. ബർമിംഗ്ഹാമിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആ സമയത്ത് ഇയാൾ. സ്ത്രീ ആദ്യം ഹെഡ്‍സെറ്റ് വച്ച് അതിലേക്ക് ശ്രദ്ധിച്ച് ഇയാളെ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ, വീണ്ടും വീണ്ടും ഇയാൾ അതിക്രമം തുടരുകയായിരുന്നു. ഒടുവിൽ ഇയാൾ ടോയ്‍ലെറ്റിലേക്ക് പോയ സമയം നോക്കി സ്ത്രീ അവിടെ നിന്നും എഴുന്നേൽക്കുകയും ട്രെയിനിലെ ജീവനക്കാരന്റെ അടുത്ത് പരാതി പറയുകയും ചെയ്തു.
അയാൾ നേരെ പൊലീസിലും വിവരമറിയിച്ചു. അങ്ങനെ ക്രിസ്റ്റപസിനെ പിടികൂടി. കോടതിയിൽ ഇയാൾ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടു. അങ്ങനെ, ഇയാളെ ഏഴ് മാസം തടവിന് വിധിച്ചു. അതിന് പുറമേയാണ് ഇയാളെ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.