തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ് ക്യാൻസര്‍. തൈറോയ്ഡ് ക്യാൻസര്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വരാം. ചെറുപ്പത്തിലേ റേഡിയേഷൻ ഏല്‍ക്കുന്നത്, പാരമ്പര്യഘടകങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളാകാം തൈറോയ്ഡ് ക്യാൻസറിലേയ്ക്ക് നയിക്കുന്നത്. പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയ്ഡ് ക്യാന്‍സര്‍, മെഡുല്ലറി തൈറോയ്ഡ് ക്യാന്‍സര്‍, അനപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ തുടങ്ങി അര്‍ബുദം ആരംഭിക്കുന്ന കോശങ്ങളുടെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള തൈറോയ്‍ഡ് ക്യാന്‍സറുകളുണ്ട്. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
തൈറോയ്ഡ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
കഴുത്തിന്‍റെ മുൻഭാഗത്ത് മുഴകൾ ഉണ്ടാകുന്നതാണ് തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. എന്നാൽ കഴുത്തിനു മുമ്പിലുണ്ടാകുന്ന മുഴകളിൽ ഭൂരിഭാഗവും ക്യാൻസർ അല്ലാത്ത സാധാരണ (ബിനൈൻ) തൈറോയ്ഡ് മുഴകളാണ്. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസർ പ്രത്യക്ഷപ്പെടാം.
ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, ഭക്ഷണം വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്, കഴുത്തിനടിയിലെ അസ്വസ്ഥത, കഴുത്തു വേദന, ചിലപ്പോള്‍ ചെവിയിലേക്ക് പ്രസരിക്കാൻ കഴിയുന്ന കഴുത്ത് വേദനയാകാ, അപ്രതീക്ഷിതമായി ഭാരം കുറയുക അല്ലെങ്കില്‍ കൂടുക, സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോവുക തുടങ്ങിയവയും തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.