ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച ആശങ്ക ഇനിയാവശ്യമില്ല. ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടിക്കറ്റ് ബുക്കിങ് ആപ്പായ ട്രെയിൻമാൻ. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ ടിക്കറ്റ് കൺഫേം ആകുമോ എന്നറിയാൻ കഴിയും. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില് സൗജന്യ വിമാന ടിക്കറ്റുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ഈ ഓഫർ നല്കുന്നത്.
ഫീച്ചറനുസരിച്ച് യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം കമ്പനി ഉറപ്പാക്കുന്നുണ്ട്. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‌ക്ക് ആപ്പിലൂടെ തന്നെ ടിക്കറ്റ് നില പരിശോധിക്കാനും കഴിയും. യാത്രക്കാരന് ടിക്കറ്റെങ്ങാനും ലഭിക്കാതെ വന്നാൽ ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യതയെ കുറിച്ചും ആപ്പിലൂടെ അറിയാൻ കഴിയും. ഇനി ടിക്കറ്റ് കൺഫേം ആയിട്ടില്ല അവസാനനിമിഷം മറ്റു യാത്രോ ഓപ്ഷനുകൾ കണ്ടെത്തണം എന്നിരിക്കട്ടെ അതിനായി ബുക്ക് ചെയ്യാനും ട്രിപ്പ് അഷ്വറൻസ് യാത്രക്കാരെ സഹായിക്കും.
ട്രിപ്പ് അഷ്വറൻസ് ആപ്പിന് ഉപഭോക്താവ് ഫീസ് നല്കണം. യാത്രക്കാരന്റെ ടിക്കറ്റ് പ്രെഡിക്ഷൻ മീറ്റർ അനുസരിച്ചാണ് നിരക്ക്. ഒരു യാത്രക്കാരന്റെ ടിക്കറ്റ് പ്രെഡിക്ഷൻ മീറ്റർ സൂചിപ്പിക്കുന്നത് 90 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ ഒരു രൂപയാണ് ഫീസായി ഈടാക്കുക. 90 ശതമാനത്തിൽ താഴെയാണെങ്കിൽ ഇത് കുറയും. ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ച് കമ്പനി നാമമാത്രമായ ഫീസ് മാത്രമാകും ഈടാക്കുക. ചാർട്ട് തയ്യാറാക്കുന്ന സമയത്താണ് ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കുന്നതെങ്കിൽ ട്രിപ്പ് അഷ്വറൻസ് ഫീസ് തിരികെ ലഭിക്കും.
ടിക്കറ്റ് കൺഫേം ആയിട്ടില്ല, മറ്റെല്ലാ വഴിയും അടഞ്ഞുവെങ്കിലും യാത്രക്കാരന് സൗജന്യ വിമാന ടിക്കറ്റ് കമ്പനി നൽകും. ഐആർടിസിയുടെ അംഗീകൃത പാർടണറാണ് കമ്പനി. ഐആർസിടിസിയുടെ എല്ലാ ട്രെയിനുകളിലും രാജധാനി ട്രെയിനുകളിലും മറ്റ് 130 ട്രെയിനുകളിലും ഈ സേവനം ലഭ്യമാണ്. ‘ട്രിപ്പ് അഷ്വറൻസ്’ സൗകര്യം വിമാനത്താവളങ്ങളുള്ള നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്കാനാണ് ഈ സേവനം വികസിപ്പിച്ചിരിക്കുന്നത്.