ചെന്നൈ: തമിഴ്നാട് തേനിയില്‍ 3.40 കോടി രൂപയുടെ കള്ള നോട്ടുകളുമായിരണ്ട് പേർ പിടിയിൽ. കേശവൻ, ശേഖർ ബാബു എന്നീ തേനി സ്വദേശികളാണ് പിടിയിലായത്. യഥാത്ഥ നോട്ടിന്‍റെ കളർ ഫോട്ടോസ്റ്റാറ്റെടുത്താണ് ഇവര്‍ കള്ളനോട്ട് തയ്യാറാക്കിയത്. തേനി കരുവേൽനായിക്കൻ പെട്ടിയിൽ വാഹന പരിശോധന നടത്തവെയാണ് ആഡംബര കാറില്‍ എത്തിയ കേശവന്‍റെയും,ശേഖർ ബാബുവിന്‍റെയും പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയത്. വാഹനം പരിശോധിച്ചതോടെ സീറ്റിന് പിന്നിൽ നിന്ന് പെട്ടിയിൽ ഒളിപ്പിച്ച നിലയില്‍ 2000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. ഇതോടെ രണ്ട് പേരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി.
ഈ പരിശോധനയില്‍ 3.40 കോടിയുടെ കള്ളനോട്ട്,15 ലക്ഷം രൂപ, ആഡംബര കാറുകള്‍, ഇരുപതിലധികം മൊബൈൽ ഫോണുകൾ എന്നിവയാണ് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ പണം ഇരട്ടിപ്പിക്കൽ തട്ടിപ്പ് സംഘത്തിലുള്ളവരെന്ന് വ്യക്തമായി. ഒരു ലക്ഷം രൂപ നൽകിയാൽ പകരം രണ്ടു ലക്ഷം രൂപയുടെ നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് നല്ല നോട്ടുകളുമായി കടന്നു കളയുകയാണ് ഇവരുടെ പതിവെന്നും കണ്ടെത്തി. കേരളത്തിൽ ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്നും പണം കവർന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.