തിരുവനന്തപുരം: തിരുവനന്തപുരം ആമച്ചല്ലിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഏഴുവർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം കുളത്തുമ്മൽ ആമച്ചൽ അജിതഭവനിൽ അജിത മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് വാഴിച്ചൽ കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തുപുത്തൻവീട്ടിൽ തങ്കച്ചനെയും ഇയാളുടെ അമ്മ ഫിലോമിനയെയും നെയ്യാറ്റിൻകര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ് ആർ പാർവതി ശിക്ഷിച്ചത്. പ്രതികൾക്ക് ഏഴുവർഷം തടവിനു പുറമേ 10000 രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചു.
2009 ഏപ്രിൽ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെയ്യാർഡാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡി വൈ എസ് പിമാരായിരുന്ന എൻ അബ്ദുൾറഷീദും ആർ സുകേശനുമാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 33 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി ഡി ജസ്റ്റിൻ ജോസാണ് ഹാജരായത്.