തിരുവനന്തപുരം: സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവും മതിയായില്ലെന്നാരോപിച്ച് ഭാര്യയെ മാനസികമായി പീഡിപ്പിച്ച യുവാവിനെതിരെ പരാതി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള റോണി കോട്ടേജില്‍ റോണിക്കും (28) രക്ഷിതാക്കള്‍ക്കും എതിരെയാണ് വിഴിഞ്ഞം പോലീസ് കേസെടുത്തിരിക്കുന്നത്. റോണിയുടെ ഭാര്യ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയിലാണ് കേസ്.
രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും കുടുംബത്തെയും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനെയും രക്ഷിതാക്കളെയും പ്രതി ചേര്‍ത്ത് വിഴിഞ്ഞം പോലീസ് കേസെടുത്തു. 2022 ഒക്ടോബര്‍ 31 നായിരുന്നു ഇവരുടെ വിവാഹം. താന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു റോണി വിവാഹം നടത്തിയത്. 175 പവന് സ്വര്‍ണവും 45 ലക്ഷം രൂപയുമാണ് ഐശ്വര്യയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമിയും കൂടി റോണിയുടെ പേരില്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍കൊണ്ടുവിട്ടു. തുടര്‍ന്ന് ബന്ധം വേര്‍പിരിക്കുന്നതിന് കുടുംബകോടതിയില്‍ കേസും ഫയല്‍ചെയ്തു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.