ക്വിറ്റോ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. സംഭവ ബഹുലമായ മത്സരത്തിൽ ആറാം മിനിറ്റിൽ കാസിമിറോയിലൂടെ ബ്രസീൽ മുന്നിലെത്തി. ഇതിന് പിന്നാലെ ഇക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിൻഗേസും ബ്രസീൽ ഡിഫൻഡർ എമേഴ്സൺ റോയലും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എഴുപത്തിയഞ്ചാം മിനിറ്റിൽ ഫെലിക്സ് ടോറസാണ് ഇക്വഡോറിന്‍റെ സമനില ഗോൾ നേടിയത്. ബ്രസീൽ ഗോളി അലിസൺ ബെക്കറിന് കിട്ടിയ രണ്ട് ചുവപ്പ് കാർഡും ഇക്വഡോറിന് കിട്ടിയ രണ്ട് പെനാൽറ്റിയും വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ തീരുമാനത്തിലൂടെ റദ്ദാക്കി. 16 കളിയിൽ 36 പോയിന്‍റുമായി ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 24 പോയിന്‍റുള്ള ഇക്വഡോർ മൂന്നാം സ്ഥാനത്താണ്. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇക്വഡോറിനെ നേരിടാൻ ഇറങ്ങിയത്. ബുധനാഴ്ച പരാഗ്വേയ്ക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.
ലാറ്റിനമേരിക്കൻ മേഖലയിലെ മറ്റൊരു മത്സരത്തിൽ അർജന്‍റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചിലെയെ തോൽപിച്ചു. ലിയോണൽ മെസിക്ക് പകരം ടീമിനെ നയിക്കുന്ന ഏഞ്ചൽ ഡി മരിയയും ലൗറ്ററോ മാർട്ടനസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്. ഒൻപതാം മിനിറ്റിലായിരുന്നു ഡിമരിയയുടെ ഗോൾ. മുപ്പത്തിനാലാം മിനിറ്റിൽ ലൗറ്ററോയും ലക്ഷ്യം കണ്ടു. ബെൻ ഡിയാസാണ് ചിലെയുടെ സ്കോറർ. ഇരുപതാം മിനിറ്റിലായിരുന്നു ചിലെയുടെ ഗോൾ. അർജന്‍റീനയുടെ തോൽവി അറിയാത്ത തുടർച്ചയായ ഇരുപത്തിയെട്ടാമത്തെ മത്സരമാണിത്. 14 കളിയിൽ 32 പോയിന്‍റുമായി അർജന്‍റീന മേഖലയിൽ രണ്ടാം സ്ഥാനത്താണ്. അർജന്‍റീന നേരത്തേ തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ബുധനാഴ്ച കൊളംബിയക്കെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം.