ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ സമാപിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. വിജയിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സര്‍ട്ടിഫിക്കറ്റ് അൽപസമയത്തിനകം റിട്ടേണിംഗ് ഓഫീസര്‍ ദ്രൗപദി മുര്‍മുവിന് കൈമാറും.
അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിൻ്റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേട്ടം മറികടക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിൻഹയ്ക്ക് കിട്ടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിന് പ്രതീക്ഷിച്ചതിലുമേറെ വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അസ്സം അടക്കമുള്ള സംസ്ഥാനങ്ങളിൽ കാര്യമായ ക്രോസ്സ് വോട്ടിംഗ് നടന്നുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കണക്കുകൾ പുറത്തു വരണം.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുപ്പത് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. അതിനു മുൻപായി എംപിമാരുടെ വോട്ടുകൾ എണ്ണി തീര്‍ത്തിരുന്നു. ആകെ 663 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 15 വോട്ടുകൾ അസാധവുമായി. സാധുവായ വോട്ടുകളിൽ 540 വോട്ടുകൾ ദ്രൗപദി മുര്‍മുവിന് കിട്ടി. 208 വോട്ടുകൾ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചു. എംപി വോട്ടുകളിൽ 72 ശതമാനത്തോളം ദ്രൗപദി മുര്‍മു നേടി.
കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,പഞ്ചാബ്,മേഘാലയ, മിസ്സോറാം, ഒഡീഷ, നാഗാലാൻഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലെ വോട്ടുകൾ രണ്ടാം റൗണ്ടിൽ ഒരുമിച്ചാണ് എണ്ണിയത്. അതിൽ 812 വോട്ടുകൾ മുര്‍മുവിന് കിട്ടിയത്. 94,478 ആണ് വോട്ടുമൂല്യമായി കിട്ടിയത്. 521 വോട്ടുകളാണ് ഈ റൗണ്ടിൽ യശ്വന്ത് സിൻഹയ്ക്ക് കിട്ടിയത്. 71,186 ആണ് വോട്ടുമൂല്യം. ഈ റൗണ്ടിൽ കേരളത്തിൽ നിന്നുള്ള വോട്ടുകൾ സിൻഹയ്ക്ക് കിട്ടിയെന്നാണ് അനുമാനിക്കുന്നത്.
മൂന്നാം റൗണ്ടിൽ തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ള്ത്. 2017-ൽ 65 ശതമാനം വോട്ടുകളാണ് രാം നാഥ് കോവിന്ദ് നേടിയത്. അവസാന റൗണ്ടിലെ സംസ്ഥാനങ്ങളിൽ പലതിലും പ്രതിപക്ഷം ശക്തമായതിനാൽ വലിയ ലീഡ് ബിജെപി പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ 60 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചാലും പോലും വലിയ നേട്ടമാണ് എന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ.
6.70 ലക്ഷം വോട്ടുകളാണ് ബിജെപി ദ്രൗപദിക്കാണ് പ്രതീക്ഷിക്കുന്നത്. ക്രോസ്സ് വോട്ടിംഗിലൂടെ വോട്ടുകൾ എത്ര മുകളിലോട്ട് കേറും എന്നറിയാനായിരുന്നു ആകാംഷ. നൂറോള എംഎൽഎമാരുടെ വോട്ടുകൾ ക്രോസ്സ് വോട്ടിംഗിലൂടെ ദ്രൗപദി മുര്‍മുവിന് കിട്ടിയെന്നാണ് ബിജെപി കരുതുന്നത്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ എതിരെ വരാനുള്ള സാധ്യത ബിജെപി കണ്ടിരുന്നു. എന്നാൽ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദൾ സെക്യുലര്‍, ജെഎംഎം എന്നീപാര്‍ട്ടികളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒപ്പം നിര്‍ത്തി കൊണ്ട് പ്രതിപക്ഷം ഐക്യം എന്ന നീക്കത്തെ മുളയിലെ നുള്ളാൻ ബിജെപിക്കായി.