ന്യൂഡൽഹി: ഇന്നു രാവിലെ 10.15 – രാജ്യം കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ദ്രൗപദി മുർമു ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേൽക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
രാവിലെ പത്തോടെയാകും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും രാഷ്ട്രപതിഭവനിൽനിന്നു പാർലമെന്റിലെത്തുക. ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിക്കും. സ്ഥാനമേറ്റശേഷം പുതിയ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യും. തുടർന്ന് 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.