ദില്ലി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയാണ്.
ദ്രൗപതിമൂവിന്റെ കുടുംബത്തില്‍ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് നാലുപേരാണ്. സഹോദരനും പത്‌നിയും മകളും ഭര്‍ത്താവും ആണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമാകുക. ഭര്‍ത്തൃ സഹോദരി സമ്മാനമായി നല്‍കിയ സാന്താലി സാരിയുടുത്താണ് ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ ദ്രൗപതി മുര്‍മുവിന് ആശംസ നേര്‍ന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പറഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര സുസ്ഥിരതയുടേയും സുരക്ഷയുടേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതല്‍ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.