വിഴിഞ്ഞം : മുല്ലൂരിൽ വയോധികയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ(71) ആണ് പ്രതികൾ വീട്ടിൽ സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി(50) സുഹൃത്തും പാലക്കാട് സ്വദേശിയുമായ രണ്ടാം പ്രതി അൽഅമീൻ(26), റഫീക്കയുടെ മകനും മൂന്നാം പ്രതിയുമായ ഷഫീക്ക്(23) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്ന മുല്ലൂർ സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തെളിവെടുപ്പ്. ഫോർട്ട് എ.സി. എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചത്. പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ രീതി എങ്ങനെയെന്ന് വിശദീകരിച്ചു. വീടിന് വാടക കൊടുക്കാനും തുടർന്നുള്ള ദിവസങ്ങളിൽ കഴിഞ്ഞുകൂടാനും കൈയിൽ പണമുണ്ടായിരുന്നില്ലെന്നും അതിനു പണം കണ്ടെത്താനാണ് ശാന്തകുമാരിയെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞു.