ഇംഗ്ലണ്ടിൽ സ്വത്ത് തട്ടിയെടുക്കാനായി വൃദ്ധയായ അയൽവാസിയെ തലയറുത്ത് കൊന്ന യുവതിക്ക് ജീവപര്യന്തം തടവ്. കൊലപാതക ശേഷം വൃദ്ധയുടെ തലയറുത്ത്, ശരീരം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചെങ്കിലും, ഡിജിറ്റൽ തെളിവുകളാണ് പ്രതി ജെമ്മ മിച്ചലിനെ കുടുക്കിയത്. ശിക്ഷാ വിധി തത്സമയം സംപ്രേഷണം ചെയ്യാമെന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷം ശിക്ഷിപ്പെടുന്ന ആദ്യ വനിത കൂടിയായി ജെമ്മ മിച്ചൽ. 67കാരിയും സുഹൃത്തുമായ മീ കൂൻ ചോങ്ങിനെ ജെമ്മ കൊന്നത് അതിക്രൂരമായി ആയിരുന്നു. തലറയുത്ത് മാറ്റി, ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പെട്ടിയിലാക്കി. ആ പെട്ടിയുമായി അവരുടെ വീടിന് മുന്നിലൂടെ കൂസലില്ലാതെ നടന്ന് , കാറിൽ കയറ്റി കൊണ്ട് പോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടുണ്ടായിരുന്ന ജെമ്മ തന്റെ അയൽവാസി അതിസമ്പയാണെന്ന് തിരിച്ചറിഞ്ഞതോടെ ഏറെ ആസൂത്രണം നടത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. വെമ്പിലിയിലെ വീട്ടില്‍ നിന്ന് 200 മൈല്‍ അകലെയാണ് ചോങ്ങിന്‍റെ തലയില്ലാത്ത മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വത്തും സ്ഥലവുമെല്ലാം അയല്‍വാസിയായ 37കാരി ജെമ്മയ്ക്ക് എഴുതി നല്‍കിയ ചോങ്ങിന്‍റെ വില്‍പത്രം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സ്കീസോഫ്രീനിയ രോഗി കൂടിയായരുന്നു ചോങ്ങ്.
ഒരേ പള്ളിയിലായിരുന്നു ജെമ്മയും ചോങ്ങും പോയിരുന്നു. ഇതിലൂടെയാണ് ജെമ്മ ചോങ്ങിന്‍റെ സൌഹൃദം സമ്പാദിച്ചത്. ചോങ്ങിനെ ആത്മീയ രോഗശാന്തി നല്‍കുന്നയാള്‍ എന്ന നിലയിലാണ് ജെമ്മ പരിചയപ്പെട്ടത്. ജെമ്മയുടെ വീട് നവീകരണത്തിനായി രണ്ട് ലക്ഷം യൂറോ ചോങ്ങ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചോങ്ങ് വാക്ക് മാറുകയായിരുന്നു. തലമുറകളായി ജെമ്മയുടെ കുടുംബം താമസിച്ചിരുന്ന വീട് ജെമ്മ വില്‍ക്കുന്നതായിരിക്കും നല്ലതെന്നും ആ പണം ഉപയോഗിച്ച് നല്ല നിലയില്‍ ജീവിക്കാനും ചോങ്ങ് ജെമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായത്. കാണാതായതിന് ശേഷം 16ാമത്തെ ദിവസമാണ് ഇവരുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുന്നത്. ഈ സമയത്തിനുള്ളില്‍ ചോങ്ങിനെ കാണാതായതായും ചോങ്ങിന്റെ വീട്ടുടമയോട് കുടുംബത്തിനൊപ്പം താമസിക്കാന്‍ പോവുന്നതായി വാട്ട്സ് ആപ്പ് സന്ദേശവും ജെമ്മ ചോങ്ങിന്‍റെ പേരില്‍ അയച്ചിരുന്നു.
പിന്നാലെ ചോങ്ങിന്‍റെ പേരില്‍ ഇവര്‍ വ്യാജ വില്‍പത്രവും തയ്യാറാക്കി. ജെമ്മയേയും അമ്മയേയും ഗുണഭോക്താക്കളായാണ് വില്‍പത്രം തയ്യാറാക്കിയത്. വില്‍പത്രം കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്തിരുന്നെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു ജെമ്മയുടെ പ്രതികരണം. എന്നാല്‍ വലിയൊരു സ്യൂട്ട് കേസും വലിച്ചുകൊണ്ട് വീടിന് മുന്‍പിലൂടെ പോകുന്ന ജെമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. നീല ട്രോളി ബാഗിനുള്ളില്‍ വലിയ ഭാരമുണ്ടെന്ന് അത് വലിച്ചുകൊണ്ടുപോവുന്ന രീതിയില്‍ നിന്ന് വ്യക്തമായിരുന്നു. കൊലപാതകത്തിനിടയില്‍ ജെമ്മയുട വിരലിന് ഒടിവ് സംഭവിച്ചിരുന്നു. കാട്ടില്‍ ഉപേക്ഷിച്ച ചോങ്ങിന്‍റെ മൃതദേഹം വിനോദ സഞ്ചാരികളാണ് കണ്ടെത്തിയത്.