രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഉലുവയുടെ ആരോഗ്യഗുണങ്ങൾ.
തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റും എന്ന് ആയുർവേദം പറയുന്നു. രാവിലെ വെറും വയറ്റിൽ ഉലുവാ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം.
∙ ദഹനത്തിനു സഹായകം
ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ വേനൽക്കാലത്ത് ഇത് ഒഴിവാക്കാം.
∙ കൊളസ്ട്രോൾ നിയന്ത്രിക്കാം
ഉയർന്ന കൊളസ്ട്രോൾ മൂലം വിഷമിക്കുന്നവർക്ക് ഉലുവയിട്ട വെള്ളം ഏറെ ഗുണം ചെയ്യും. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.
∙ ആർത്തവ വേദന അകറ്റാം
മാസമുറ സമയത്തെ വേദന അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സഹായിക്കും. ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്.
∙ ശരീരഭാരം കുറയ്ക്കാം
അമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഡീടോക്സ് ചെയ്യാനും സഹായിക്കും.
∙ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം
ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിർത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഉലുവയിട്ട വെള്ളം വെറുവയറ്റിൽ കുടിക്കുന്നതിലൂടെ ആരോഗ്യവും തിളക്കവുമുള്ള ചർമം ലഭിക്കും.