രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് കിവി ജ്യൂസ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു വിദേശപ്പഴമാണ് ‘കിവി’. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവി ജ്യൂസിന് കഴിയുമെന്ന് ചില പഠനങ്ങളും പറയുന്നു.
ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണുള്ളത്. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിവി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.