ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഹനം ഓടിക്കുന്നതിനിടെ നിയമം ലംഘിച്ച് തെറ്റായ എക്സിറ്റിലൂടെ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ട്രക്കുമായി കൂട്ടിയിടിച്ച് കാര്‍ നിശ്ശേഷം തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. തെറ്റായ എക്സിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിക്കുകയായിരുന്നു. കത്തി നശിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഒരു ഭാഗം മാത്രമാണ് പൊലീസിന് ലഭിച്ചത്. അതുകൊണ്ടുതന്നെ മരിച്ചയാളെ തിരിച്ചറിയാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല.
വിശദമായ അന്വേഷണം നടത്തിയപ്പോള്‍ അപകടം നടന്ന സ്ഥലത്തു നിന്ന് 70 മീറ്റര്‍ അകലെ റോഡ് ബാരിയറില്‍ ഒരു പേപ്പര്‍ പതിഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നുള്ള രേഖയായിരുന്നു ഇത്. അതില്‍ നിന്നാണ് വാഹന ഉടമയെ സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടമയെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ വാഹനം തന്റേതാണെന്നും അത് ഒരു സുഹൃത്തിന് നല്‍കിയിരിക്കുകയാണെന്നും ഉടമ പറഞ്ഞു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞത്.