ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) അധിഷ്ഠിതമായി ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ്, സുരക്ഷ സംവിധാനങ്ങൾ, ഡ്രൈവർ അസിസ്റ്റൻസ്, പാർക്കിങ്ങ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനായി ആഡംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-കംപ്യൂട്ടിങ്ങ് കമ്പനിയായ എൻവിഡിയയുമായി സഹകരണം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിലൂടെ എ.ഐ. ഉപയോഗിച്ചുള്ള സേവനങ്ങളും സംവിധാനങ്ങളും സംയുക്തമായി വികസിപ്പിക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിട്ടുള്ളത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജാഗ്വാർ ലാൻഡ് റോവർ വാഹനങ്ങളും എൻവിഡിയ ഡ്രൈവ് സോഫ്റ്റ്വെയർ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമിൽ ഒരുങ്ങുമെന്നാണ് റിപ്പോർട്ട്. വാഹനത്തിനുള്ളിലെ ഡ്രൈവറേയും യാത്രക്കാരേയും നിരീക്ഷിക്കുന്നതും വാഹനത്തിന്റെ പുറത്തും യാത്ര ചെയ്യുന്ന സ്ഥലത്തേയും ചിത്രീകരിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റമാണ് ജാഗ്വാർ ലാൻഡ് റോവർ നിർമിക്കുന്ന വാഹനങ്ങളിൽ നൽകുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
എൻവിഡിയ ഡ്രൈവ് ഹൈപ്പീരിയനെ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് വാഹനങ്ങളിൽ ഒരുങ്ങുക. ഡ്രൈവ് ഐ.വി. ഡ്രൈവ് ഐ.എക്സ് സോഫ്റ്റ്വെയറുകൾ, സുരക്ഷ നെറ്റ്വർക്കിങ്ങ് സംവിധാനങ്ങൾ, സറൗണ്ട് സെൻസറുകൾ എന്നിവ നൽകുന്ന ഡ്രൈവ് ഒറിൻ സംവിധാനത്തെയാണ് ഈ വാഹനത്തിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പ് ജാഗ്വാർ ലാൻഡ് റോവറിന്റെ ഓപ്പറേറ്റിങ്ങ് സംവിധാനവും ഈ വാഹനങ്ങൾക്കുള്ളിൽ പ്രവർത്തിക്കും. കമ്പനിയുടെ റീഇമാജിൻ എന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിനായും സാങ്കേതികവിദ്യയിൽ കൂടുതൽ കാര്യക്ഷമമാകുന്നതിനായും എൻവിഡിയ പോലുള്ള സ്ഥാപനവുമായുള്ള സഹകരണം ഏറെ ഗുണം ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ഈ കമ്പനിയുമായുള്ള ബന്ധം ഞങ്ങളുടെ വാഹനങ്ങൾക്ക് പുതിയ ഒരു സാധ്യതയൊരുക്കും. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹനങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറക്കുമെന്നും ജാഗ്വാർ ലാൻഡ് റോവർ മേധാവി തിയറി ബൊല്ലോറെ അഭിപ്രായപ്പെട്ടു.
സോഫ്റ്റ്വെയറുകളിൽ അധിഷ്ഠിതമായതും, പ്രോഗ്രാമബിൾ വാഹനങ്ങളിലൂടെയും അടുത്ത തലമുറ വാഹനങ്ങൽ ഭാവിയിൽ ഏറ്റവും വലിയ സാങ്കേതിക വ്യവസായത്തിന്റെ ഭാഗമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ആധുനിക വാഹനങ്ങൾ എത്തിക്കുന്നതിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ ഭാഗമാകാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും എൻവിഡിയയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുവാങ്ങ് പറഞ്ഞു.